ന്യൂഡല്‍ഹി: സമൂഹത്തിലെ ദുര്‍ബല ജനതക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് യോജിക്കാത്തതണെന്ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും ഇന്ത്യന്‍ അഖണ്ഡതയെ തകര്‍ക്കാന്‍ തലപൊക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ബ്ബലരായ ജനവിഭാഗത്തെ ആക്രമിക്കുന്നതെന്നും ഇന്ത്യയുടെ ധാര്‍മ്മിക ദിശയില്‍ നിന്നുള്ള വ്യതിചലനമാണ് അതെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിന്റെ ഭാഗമായി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ ദളിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന വസ്തുതയെ മുന്‍നിര്‍ത്തിയായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന.
ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ഗോസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.
ഗോവധത്തിന്റെ പേരില്‍, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 62 വയസ്സുകാരനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടയുള്ള സംഭവങ്ങളെ ആസ്പദമാക്കി, സഹിഷ്ണുത പുലര്‍ത്തണമെന്ന് കഴിഞ്ഞ വര്‍ഷം പ്രണാബ് മുഖര്‍ജി ആഹ്വാനം ചെയ്തിരുന്നു.