നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു

ന്യൂഡൽഹി : നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. മന്ത്രിമാരുടെ പേരുകൾ നിർദേശിക്കാനും മോദിയോടു രാഷ്ട്രപതി ആവശ്യപ്പെട്ടു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലുള്ള എൻഡിഎ സംഘം രാഷ്ട്രപതിയെ കണ്ട് അവകാശവാദമുന്നയിച്ചതിന് ശേഷമാണ് മോദിയെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി രാഷ്ട്രപതി ക്ഷണിച്ചത്.

അമിത് ഷാ, നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, സുഷമാ സ്വരാജ്, ഘടകകക്ഷി നേതാക്കളായ പ്രകാശ് സിങ് ബാദൽ, നിതീഷ് കുമാർ, റാം വിലാസ് പാസ്വാൻ, ഉദ്ധവ് താക്കറെ, കെ. പളനിസാമി, കോൺറാഡ് സാങ്മ, നെഫ്യു റിയോ എന്നിവരടങ്ങുന്ന സംഘമാണു രാഷ്ട്രപതിയെ സന്ദർശിച്ചത്. ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് നേതാക്കൾ രാഷ്ട്രപതിക്കു കൈമാറി. എംപിമാരുടെ പിന്തുണക്കത്തും രാഷ്ട്രപതിക്കു കൈമാറി.

Top