ന്യൂഡല്‍ഹി: ഭാരതത്തിലെ യുവാക്കളിലാണ് മുഴുവന്‍ പ്രതീക്ഷയുമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
‘രാജ്യത്തെ 60 ശതമാനത്തിലധികം പേര്‍ 35 വയസ്സിനു താഴെയുള്ളവരാണ്, അവരുടെ മേലാണ് നമ്മുടെ പ്രതീക്ഷ. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം’- രാഷ്ട്രപതി പറഞ്ഞു.
അന്ധവിശ്വാസങ്ങളെ ഉന്‍മൂലനം ചെയ്യണം. സമത്വം, മതേതരത്വം, സാഹോദര്യം ഇവയാണ് ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങള്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച രാജ്യ സ്‌നേഹികളെ ഓര്‍മിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വികസന ലക്ഷ്യങ്ങളായി എല്ലാവര്‍ക്കും ഭവനം, ചുരുങ്ങിയ സമയംകൊണ്ട് ദാരിദ്ര്യത്തില്‍ നിന്നും മുക്തമാകാനുള്ള പദ്ധതികള്‍ എന്നിവ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചു.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ജനിതകശാസ്ത്രം, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പ്രസക്തമാക്കുന്ന ഘടകങ്ങളെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൊണ്ടുവരാനും വിപുലീകരിക്കാനുമുള്ള ആവശ്യകതയെക്കുറിച്ചും രാഷ്ട്രപതി സൂചിപ്പിച്ചു.