റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ജനാധിപത്യ ആശയങ്ങളുടെ ഉത്തരവാദിത്വം ഓരോ പൗരനമുണ്ടെന്ന് രാഷ്ട്രപതി.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണ്. നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെങ്കിലും ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന ആശയം രാജ്യത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ അത്ഭുതകരമായ വിജയമാണ് ഉണ്ടാക്കിയത്. അതേസമയം, പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധിയുടെ നേട്ടങ്ങള്‍ അഭിനന്ദാര്‍ഹമാണ്. എട്ടുകോടി ഗുണഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന് നിധി വഴി 14 കോടിയിലധികം കര്‍ഷകര്‍ക്കും മറ്റു കുടുംബങ്ങള്‍ക്കും കുറഞ്ഞ വരുമാനം ആറായിരം രൂപയാക്കി.

ജമ്മു-കശ്മീര്, ലഡാക്ക്, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും സമഗ്രവികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ ശ്രമം നടത്തുന്നു. വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരോ കുട്ടിക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ ആശയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാറും പ്രതിപക്ഷവും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top