പനാമയില്‍ ഭരണഘടനാ ഭേദഗതിക്ക് പ്രസിഡന്റ് നീക്കം നടത്തുന്നു

പനാമ സിറ്റി: പനാമയിലെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്നതിന് പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേല നീക്കം നടത്തുന്നു. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നത്. ഭരണഘടനാ ഭേദഗതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രസിഡന്റ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് യോഗം നടക്കുക.

ഭേദഗതികള്‍ വരുത്തുന്നതിന് ഒരു പ്രത്യേക സമിതി വേണമെന്നും ഈ സമിതിയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനാണ് യോഗമെന്നും ജുവാന്‍ കാര്‍ലോസിന്റെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 2014ല്‍ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ സമയത്തു തന്നെ വരേല ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു.

രാജ്യത്ത് അടുത്ത തെരഞ്ഞെടുപ്പ് 2019ല്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ പ്രസിഡന്റ്, ഭരണഘടനാ അസംബ്ലി അംഗങ്ങള്‍ തുടങ്ങിയവരെ ഈ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നത്. ട്രൈബ്യൂണലിന്റെ ഈ അറിയിപ്പ് വന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ഭരണഘടനാ ഭേഗദതിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.

Top