ഫ്ളോറിഡ: മിസൈൽ അല്ലാത്ത മനോഹരമായ ക്രിസ്മസ് സമ്മാനം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തനിക്ക് നൽകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. ഉത്തരകൊറിയ ദീർഘദൂര മിസൈൽ പരീക്ഷണം നടത്താനൊരുങ്ങുന്നുവെന്ന വാർത്തകളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
മിസൈൽ വിക്ഷേപണത്തിന് പകരം നല്ലൊരു സമ്മാനം തരാനായിരിക്കും കിമ്മിൻറെ ആസൂത്രണം. നടക്കാൻ പോകുന്നത് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു. എന്ത് തരത്തിലുള്ള സമ്മാനം തന്നാലും അതിനെ വിജയകരമായി നേരിടാൻ യുഎസിന് സാധിക്കും എന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്ക് വലിയൊരു ക്രിസ്മസ് സമ്മാനം വരുന്നുണ്ടെന്ന് അടുത്തിടെ കിം പറഞ്ഞിരുന്നു. ഇത് കൂടി സൂചിപ്പിച്ചാണ് ട്രംപ് ഉത്തരകൊറിയയ്ക്ക് മറുപടി നൽകിയത്. യുഎസുമായുള്ള ആണവ ചർച്ചകൾ പ്രതിസന്ധിയിലായ ഘട്ടത്തിലായിരുന്നു കിമ്മിന്റെ മുന്നറിയിപ്പ്.
ഫെബ്രുവരിയിൽ ഹനോയിയിൽ ഉത്തരകൊറിയ-അമേരിക്ക രാഷ്ട്രതലവന്മാർ ഉച്ചകോടി നടത്തിയിരുന്നു. എന്നാൽ ഇതിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല.
വാഷിങ്ടൺ തങ്ങളോടുള്ള സമീപനത്തിൽ വർഷാവസാനത്തോടെ മാറ്റം വരുത്തിയാലേ ഇനിയൊരു ചർച്ചയുള്ളൂ എന്നാണ് ഉത്തരകൊറിയയുടെ നിലപാട്. എന്നാൽ ഉപരോധങ്ങൾ അടക്കം പല കാര്യങ്ങളിലും അമേരിക്കൻ പക്ഷം ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.