ന്യൂഡല്‍ഹി: സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വാങ്ങുന്ന ശബളത്തേക്കാള്‍ കൂടുതല്‍ ശബളം രാജ്യത്തെ ഐ.പി.എസുകാര്‍ വാങ്ങുന്നു.
കേന്ദ്ര സര്‍വ്വീസുകാരായ ഐ.പി.എസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതിനുള്ള അധികാരമുള്ള രാഷ്ട്രപതിക്ക് 1,50 ലക്ഷമാണ് നിലവിലെ ശബളം.
ഉപരാഷ്ട്രപതി 1.25 ലക്ഷവും ഗവര്‍ണ്ണര്‍മാര്‍ 1.10 ലക്ഷവുമാണ് ശമ്പളം വാങ്ങുന്നത്.
ഐ.പി.എസ് ഓഫീസര്‍മാരില്‍ ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശബളമാണിത്.
എ.ഡി.ജി.പി, ഡി.ജി.പി നിലവാരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാകട്ടെ രണ്ടു ലക്ഷം മുതല്‍ 2.15 ലക്ഷം വരെയാണ് പ്രതിമാസ ശബളം.
മൂന്ന് സൈനിക വിഭാഗങ്ങളുടെ സുപ്രീം കമാന്‍ഡറായ രാഷ്ട്രപതിയുടെ നിലവിലെ പ്രതിമാസം വേതനം ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരേക്കാള്‍ മാത്രമല്ല സൈനിക മേധാവികളുടേതിനെക്കാളും കുറവാണെന്നതും ശ്രദ്ധേയമാണ്.
ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ചെങ്കിലും രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഇപ്പോഴും പഴയ ശമ്പളം തന്നെയാണ് ലഭിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം ഉയര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുവര്‍ഷം മുമ്പ് കാബിനറ്റ് സെക്രട്ടേറിയറ്റിന് ശുപാര്‍ശ നല്‍കിയെങ്കിലും കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിച്ചിട്ടില്ല. ശമ്പള കമ്മീഷനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിയമഭേദഗതിയും കൊണ്ടുവന്നിട്ടില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ രാഷ്ട്രപതിക്ക് അഞ്ചു ലക്ഷവും ഉപരാഷ്ട്രപതിക്ക് 3.5 ലക്ഷവുമാവും പ്രതിമാസം ശമ്പളമായി ലഭിക്കുക. ഗവര്‍ണറുടെ ശമ്പളം മൂന്ന് ലക്ഷമായും ഉയരും.
2008 മുതല്‍ പ്രസിഡന്റിന്റെ ശമ്പളം 50,000 രൂപയും ഉപരാഷ്ട്രപതിയുടേത് 40,000 രൂപയും ഗവര്‍ണറുടേത് 36,000 രൂപയുമായിരുന്നു.