തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി. വൈകീട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കളെത്തി സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ ചേർന്നാണ് യശ്വന്ത് സിൻഹയെ സ്വീകരിച്ചത്. ഭരണകക്ഷി നേതാക്കൾ ആരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. നൂറ് ശതമാനം വോട്ട് കിട്ടുന്ന കേരളത്തിൽ നിന്ന് പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകും. കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു.
24 വർഷം സിവിൽ സർവീസ് മേഖലയിൽ പ്രവർത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു. ചന്ദ്രശേഖർ, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവർത്തിച്ചു.