രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രണ്ട് വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്ന് യശ്വന്ത് സിന്‍ഹ

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോരാട്ടം രണ്ട് വ്യക്തികള്‍ തമ്മിലല്ലെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ.

ആശയങ്ങള്‍ തമ്മിലാണ് മത്സരം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ ടി.ആര്‍.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും സമവായത്തില്‍ വിശ്വസിച്ചിരുന്നില്ല. മറിച്ച്‌ ഏറ്റുമുട്ടലില്‍ മാത്രമായിരുന്നു അദ്ദേഹത്തിന് വിശ്വാസം. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പ്രധാനമന്ത്രിയെ വിളിച്ചിരുന്നു. എന്നാല്‍, ഫോണില്‍ അദ്ദേഹത്തെ ലഭ്യമായില്ല. അതിന് ശേഷം ഇതുവരെയും തന്റെ ഫോണ്‍കോളിന് പ്രധാനമന്ത്രി മറുപടി നല്‍കിയില്ലെന്നും സിന്‍ഹ ആരോപിച്ചു.

പരിപാടിയില്‍ പ​ങ്കെടുത്ത കെ.ചന്ദ്രശേഖര്‍ റാവു എല്ലാദിവസവും ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു. മഹാരാഷ്ട്രയിലേത് പോലെ ടി.ആര്‍.എസ് സര്‍ക്കാറിനേയും താഴെയിറക്കാനാണ് അവരുടെ ശ്രമമെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

Top