ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിനെതിരെ നടപടിയുണ്ടായേക്കും. കല്യാണ്‍ സിംഗിനെതിരെ നടപടി എടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണു വിവരം. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ടുള്ള ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
കല്യാണ്‍ സിംഗ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാമെന്ന പ്രസ്താവനയാണ് ചട്ടലംഘനമായത്. ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്ന കല്യാണ്‍ സിങ്ങിന്റെ പ്രസ്താവന ഗവര്‍ണര്‍ പദവിയുടെ അന്തസ് തന്നെ കളയുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. അലിഗഡിലെ ബിജെപി സ്ഥാനാര്‍ഥിയായ സതീഷ് ഗൗതത്തിന് എതിരെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരുന്നു കല്യാണ്‍ സിംഗിന്റെ വിവാദ പരാമര്‍ശം.