ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ബാലപീഡനങ്ങളില്‍ ബി.ജെ.പിയെ കടന്നാക്രമിച്ചവര്‍ക്ക് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു കഴിഞ്ഞു.
ബാലപീഡനങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിക്ക് എതിരെ കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ശക്തമായ കാമ്പയിന്‍ നടത്തി വരുന്ന കോണ്‍ഗ്രസ്സിന് ഈ തീരുമാനം അപ്രതീക്ഷിതമായി.
രാജ്യത്തെ ഏറ്റവും കടുത്ത ശിക്ഷ തന്നെ കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്ക് നല്‍കിയതോടെ മതാപിതാക്കളുടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാര്‍ അകറ്റിയതായി ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഓര്‍ഡിനന്‍സ്.
മാനഭംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ പ്രായം പതിനാറില്‍ താഴെയാണെങ്കില്‍ ശിക്ഷ പത്തില്‍ നിന്നും 20 വര്‍ഷം കഠിന തടവായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് ജീവിതാവസാനം വരെ തടവ് ശിക്ഷയായി ഇനി നീട്ടാം.
12ല്‍ താഴെ ഉള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷയോ ജീവിതാവസാനം വരെയുള്ള കഠിനതടവോ ആണ് ലഭിക്കുക. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. ഇത്തരം കേസുകളുടെ വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കാനും ഇതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
കൂട്ടമാനഭംഗത്തിന് ഇപ്പോള്‍ തന്നെ വധശിക്ഷക്ക് വ്യവസ്ഥയുണ്ടെങ്കിലും പോക്‌സോ നിയമത്തില്‍ അതുണ്ടായിരുന്നില്ല.
രാജ്യത്ത് പലയിടത്തും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള മൃഗീയ ആക്രമണം വന്‍ ജനരോഷത്തിന് ഇടയാക്കിയതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
നടപടിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
132 കോടി ജനത വസിക്കുന്ന രാജ്യത്ത് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുകയാണ് കുറ്റകൃത്യം തടയാന്‍ പര്യാപ്തമാകുക എന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
തന്തൂരിയടുപ്പിലിട്ട് യുവതിയെ ചുട്ട കോണ്‍ഗ്രസ്സിന് എന്ത് അര്‍ഹതയാണ് ബി.ജെ.പിയെ വിമര്‍ശിക്കാനെന്ന ചോദ്യമാണ് ബി.ജെ.പി പ്രധാനമായും ഉയര്‍ത്തുന്നത്.