ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ എഫ്.എ.ടി.എഫ് പാക്കിസ്ഥാന് അന്ത്യശാസനം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്.പാക്കിസ്ഥാന്‍ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്. അവര്‍ക്ക് നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ല. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അവര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത് ഒരു രാജ്യത്തിനും ഗുണകരമാവില്ലെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.
ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ക്കെതിരായ കര്‍മപദ്ധതി 2020 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം അംഗരാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധങ്ങളിലും ഇടപാടുകളിലും പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുമെന്നുമാണ് എഫ്.എ.ടി.എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.
ഭീകരവാദത്തെ തുടച്ചുനീക്കാനായി മുന്നോട്ടുവെച്ച കര്‍മപദ്ധതിയിലെ 27 മാര്‍ഗനിര്‍ദേശങ്ങളില്‍ 22 എണ്ണം നടപ്പാക്കുന്നതിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് നിരീക്ഷിച്ചിരുന്നു. 2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കണമെങ്കില്‍ ഒക്ടോബറിനകം കര്‍മ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കഴിഞ്ഞ തവണ പാക്കിസ്ഥാനോട് എഫ്.എ.ടി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ പിന്തുണച്ചതിനാലാണ് കര്‍മ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സമയപരിധി 2020 ഫെബ്രുവരി വരെ നീട്ടി നല്‍കിയത്.