ഭരത്പൂർ: ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ നിന്ന് സഹോദരിമാര്‍ നവജാത ശിശുവിനെ തട്ടികൊണ്ടുപോയി.
ഇതുമായി ബന്ധപ്പെട്ട് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 10നാണ് രണ്ടുപേരും ചേർന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത്.
എന്നാൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സഹോദരിമാരെ പോലീസ് തിരിച്ചറിഞ്ഞ് അന്വേഷണം തുടങ്ങിയത്. പൊലീസ് അറസ്റ്റ് ചെയ്ത സഹോദരിമാർക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് പറയാനുണ്ടായിരുന്നത്. സ്വന്തം പിതാവ് മറ്റൊരു വിവാഹം കഴിക്കാതിരിക്കാനാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് അവർ പൊലീസിന് നൽകിയ വിശദീകരണം.
സംഭവം വാർത്തയാവുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവർ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഭരത്പൂരിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പോലീസ് സ്‌റ്റേഷനിലെത്തിക്കണമെന്നും എഴുതിയ കുറിപ്പും കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നു.
രണ്ട് വർഷം മുൻപ് ഇവരുടെ 12 വയസ്സുകാരനായ സഹോദരൻ മരിച്ചെന്നും ഇതോടെ ഇവരുടെ അമ്മ വിഷാദത്തിനടിമപ്പെട്ടെന്നും പൊലീസിനെ അറിയിച്ചു. എന്നാൽ ആൺകുഞ്ഞിനു വേണ്ടി അച്ഛൻ ലക്ഷ്മൺ സിങ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതറിഞ്ഞ അമ്മ പൂർണ്ണമായി തകർന്നെന്നും അമ്മയെ സ്വാഭാവിക ജീവിതത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായും അച്ഛനെ രണ്ടാം വിവാഹത്തിൽ നിന്ന് വിലക്കുന്നതിനും വേണ്ടിയാണ് ആൺകുഞ്ഞിനെ തട്ടിയെടുത്തതെന്ന് സഹോദരിമാർ പൊലീസിനെ അറിയിച്ചു. ആൺകുഞ്ഞിനെ ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നും ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ വാങ്ങിച്ചാൽ നിയമപരമായ ശിക്ഷ ലഭിക്കുമെന്നതുകൊണ്ടുമാണ് സുഹൃത്തായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ തീരുമാനിച്ചതെന്നും സഹോദരിമാർ വ്യക്തമാക്കി.