വില്‍പ്പനയില്‍ മുമ്പന്‍; രണ്ടര ലക്ഷം കവിഞ്ഞ് ഹോണ്ട സിറ്റി

ഹോണ്ട കാര്‍സില്‍ ഇന്ത്യയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ സിറ്റിയുടെ നാലാം തലമുറക്കാരന്റെ വില്‍പ്പന 2.50 ലക്ഷം കവിഞ്ഞു.

പെട്രോള്‍ സിറ്റിയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്ന് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ജൂണ്‍ വരെ വില്‍പ്പന നടന്ന 2,50,274 സിറ്റികളില്‍ 61 ശതമാനവും പെട്രോള്‍ വകഭേദമാണ്.

മാരുതി സിയാസ് , ഫോക്‌സ്‌വാഗന്‍ വെന്റോ , നിസാന്‍ സണ്ണി , സ്‌കോഡ റാപ്പിഡ് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ സിറ്റിയുടെ എതിരാളികള്‍ .

2017 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ നവീകരിച്ച നാലാം തലമുറ സിറ്റിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യമോഡലായി 1998 ജനുവരിയിലാണ് സിറ്റി എത്തിയത്. ജപ്പാന്‍ വിപണിയിലെ മൂന്നാം തലമുറ സിറ്റിയായിരുന്നു അത്. ഇതിനോടകം 6.80 ലക്ഷം സിറ്റികള്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

സിറ്റിയുടെ ആഗോളവില്‍പ്പനയുടെ 25 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. നിലവില്‍ അറുപത് രാജ്യങ്ങളില്‍ ഹോണ്ട സിറ്റി വില്‍പ്പനയ്ക്കുണ്ട്. വിപണിയിലെത്തിയതുമുതലുള്ള കണക്കനുസരിച്ച് 35 ലക്ഷം സിറ്റികള്‍ വില്‍പ്പന നടന്നിട്ടുണ്ട്. ഇതില്‍ 10 ലക്ഷം എണ്ണം നാലാം തലമുറ സിറ്റിയാണ്.

8.77 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് ഹോണ്ട സിറ്റിയുടെ വില.

Top