എസ്‌യുവികള്‍ക്ക് വില കുറച്ചു; ഹെക്ടറിന് 1.29 ലക്ഷവും, ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷവും കുറയും

ഹെക്ടറിന്റേയും ഹെക്ടര്‍ പ്ലസിന്റെയും എക്‌സ്‌ഷോറൂം വില കുറച്ച് എംജി മോട്ടര്‍ ഇന്ത്യ. ഹെക്ടറിന് 1.29 ലക്ഷം രൂപ വരെയും ഹെക്ടര്‍ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് വില കുറച്ചത്. രണ്ട് എസ്‌യുവികളുടേയും വില്‍പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ വില കുറച്ചതെന്നാണ് കരുതുന്നത്.

15 ലക്ഷം രൂപ മുതല്‍ 22.72 ലക്ഷം രൂപ വരെയായിരുന്നു ഹെക്ടറിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ അത് 14.73 ലക്ഷം മുതല്‍ 21.51 ലക്ഷം രൂപയിലേക്ക് കുറഞ്ഞു. വിവിധ വകഭേദങ്ങളിലായി 27000 രൂപ മുതല്‍ 1.29 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പെട്രോള്‍ പതിപ്പിന്റെ വില 27000 മുതല്‍ 66000 രൂപ വരെ കുറഞ്ഞപ്പോള്‍ ഡീസല്‍ പതിപ്പിന്റെ വില 86000 രൂപ മുതല്‍ 1.29 ലക്ഷം രൂപ വരെ കുറഞ്ഞു. 2 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ഹെക്ടറില്‍.

ഹെക്ടറിന്റെ ഏഴു സീറ്റ് വകഭേദമായ പ്ലസിന് 17.50 ലക്ഷം രൂപ മുതല്‍ 23.43 ലക്ഷം രൂപ വരെയാണ് നിലവിലെ എക്‌സ്‌ഷോറൂം വില. എന്നാലത് 50000 രൂപ മുതല്‍ 1.37 രൂപയിലേക്ക് കുറഞ്ഞിരിക്കുന്നു. ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ വില 1.04 ലക്ഷം രൂപ മുതല്‍ 1.37 ലക്ഷം രൂപ വരെ കുറഞ്ഞപ്പോള്‍ പെട്രോള്‍ മോഡലിന്റെ വില 50000 രൂപ മുതല്‍ 81000 രൂപയായി കുറഞ്ഞു. 2 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ഹെക്ടര്‍ പ്ലസിനുള്ളത്.

Top