തിരുവനന്തപുരം: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്നുമുതൽ അധിക വില നൽകണം. അഞ്ച് ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന ഇന്നുമുതൽ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില മിൽമ കൂട്ടി. അര ലിറ്ററിന് 3 രൂപ വച്ചാണ് കൂടിയിരിക്കുന്നത്. കുറഞ്ഞത് 5 ശതമാനം വില വർധിപ്പിക്കേണ്ടി വരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില കൂട്ടിയില്ലെങ്കിൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് കൊച്ചിയിൽ പറഞ്ഞു.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനമാണ് നിലവിൽ വന്നത്. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി പ്രാബല്യത്തിൽ വന്നു.
ഭക്ഷ്യവസ്തുക്കൾക്കാണ് ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‍ടി നിലവിൽ വന്നു.കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് പ്രാബല്യത്തിലായിരിക്കുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വന്നു.