കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകളുടെ വേഷമായ ബുര്‍ഖയുടെ വില പത്തിരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ മുഖവും ശരീരവും ഒന്നാകെ മൂടുന്ന ബുര്‍ഖ നിര്‍ബന്ധമായിരുന്നു.
അഫ്ഗാനിലെ കാബൂള്‍ ഉള്‍പ്പെടെയുള്ള പല നഗരങ്ങളിലും ബുര്‍ഖ വില കുതിച്ചുയര്‍ന്നതായി അന്താരാഷ്ട്രമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് വീണ്ടും ബുര്‍ഖയുടെ ആവശ്യം വര്‍ധിച്ചത്.
താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളില്‍ പുരുഷ ബന്ധുവിന്റെ കൂടെയല്ലാതെ പുറത്തിറങ്ങാനും അനുമതിയുണ്ടായിരുന്നില്ല.
ഇസ്ലാം ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്‍ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് സ്ത്രീകള്‍ സംരക്ഷിക്കപ്പെടും. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ ഇടപെടാം, ജോലിക്ക് പോകാം. പക്ഷേ അതെല്ലാം ഇസ്ലാമിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ അനുവദിക്കൂവെന്ന് താലിബാന്‍ വക്താവ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസമുള്ള ആരും രാജ്യം വിടരുതെന്നും സമാധാനവും സ്ഥിരതയാര്‍ന്ന ഭരണവുമാണ് താലിബാന്‍ ആഗ്രഹിക്കുന്നതെന്നും വക്താവ് പറഞ്ഞു. 1990ലെ പ്രത്യയശാസ്ത്രത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കി.