തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ വിപണന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
ചാല മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല. 22 മൊത്ത വ്യാപാര, ചില്ലറ വില്പന ശാലകള്‍ പരിശോധിച്ചതില്‍ വിലനിലവാര ബോര്‍ഡ്, അളവ് തൂക്ക സംബന്ധമായ ക്രമക്കേടുകള്‍, ഭക്ഷ്യസുരക്ഷ ലൈസന്‍സുകള്‍ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ 12 ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഒരു റീട്ടെയില്‍ പ്രൊവിഷന്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കടയുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വില നിയന്ത്രണ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലയിലെ മൊത്ത-ചില്ലറ വ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടി കളക്ടര്‍ നിര്‍ദ്ദേശിച്ചു.