ചെമ്പിന്റെയും അലുമിനിയത്തിന്റെയും വില കുതിക്കുന്നു

ലോഹങ്ങള്‍ക്ക് ചൈനയില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്റ് കാരണം അലുമിനിയത്തിന്റേയും ചെമ്പിന്റേയും വില വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും നേട്ടമുണ്ടാക്കുന്നത് തുടരുകയാണ്. പ്രധാന സൂചികയായ എല്‍എംഇയില്‍ മൂന്നു മാസത്തിനിടയ്ക്ക് അലുമിനിയം 33 ശതമാനവും ഈ വര്‍ഷം ഇതുവരെ ചെമ്പ് 27 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഇന്ത്യന്‍ വിപണിയിലും ഇത് പ്രതിഫലിച്ചു. ഇക്കാലയളവില്‍ എംസിഎക്‌സില്‍ ചെമ്പും അലുമിനിയവും യഥാക്രമം 23 ഉം 30 ഉം ശതമാനം വീതം നേട്ടമുണ്ടാക്കി.

ചൈനയില്‍ ഏറ്റവും കൂടുതല്‍ ലോഹം ഉല്‍പാദിപ്പിക്കുന്ന പ്രവിശ്യയില്‍ തുടര്‍ച്ചയായുണ്ടാകുന്ന പവര്‍ കട്ട് അലുമിനിയം വില പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലെത്തിച്ചു. രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി പ്രാഥമികതലത്തില്‍ ലോഹ ഉല്‍പാദനത്തിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. അലുമിനിയത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദകരും ഉപഭോക്താക്കളുമാണ് ചൈന. കഴിഞ്ഞ വര്‍ഷം 37.08 മില്യണ്‍ ടണ്‍ അലുമിനിയം ഉല്‍പാദിപ്പിച്ച് റെക്കോഡിടുകയുണ്ടായി. എന്നാല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് പ്രതിവര്‍ഷം അലുമിനിയം ഉരുക്കല്‍ ശേഷി 45 മില്യണ്‍ ടണ്ണാക്കി കുറയ്ക്കുകയാണ് ചൈന.

മഹാമാരിയില്‍ നിന്നു തിരിച്ചുവരുന്ന ലോകത്ത് പ്രധാന അടിസ്ഥാന ലോഹങ്ങളുടെ ലഭ്യത കുറയുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്കു സംശയമില്ല. വരും വര്‍ഷങ്ങളില്‍ ഡിമാന്റ് വര്‍ധിക്കുമെന്നും വിവധ ഗവണ്മെന്റുകളുടെ അസാധാരണമായ ഉത്തേജക പദ്ധതികളിലൂടെ ചെമ്പുവില സംരക്ഷിക്കപ്പെടുമെന്നാണ് കണക്കു കൂട്ടല്‍. ചൈനയില്‍ വളരെ പ്രകടമായി കാണപ്പെടുന്ന ദൗര്‍ലഭ്യം വിലവര്‍ധിക്കാനിടയാക്കിയിട്ടുണ്ട്

 

Top