Priest arrested in sexual abuse case; A Women doctor accused

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗ്രേസ് പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

പുത്തന്‍വേലിക്കര പൊലീസാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്. കേരളത്തില്‍ ആദ്യമായാണ് പീഡനകേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നല്‍കിയിട്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ചിലാണ് പള്ളിമേടയില്‍ പുരോഹിതന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറംലോകം അറിയുന്നത്. ഓശാന ഞായറിന് തലേദിവസം കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടില്‍ പോയെന്ന് നുണ പറഞ്ഞ പെണ്‍കുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു.

പിറ്റേദിവസം മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. വീട്ടില്‍ പോയാണ് ഡോക്ടറെ കണ്ടത്. വനിതാ ഡോക്ടര്‍ നല്‍കിയ ഗര്‍ഭനിരോധന ഗുളിക കുട്ടി കഴിച്ചു. മരുന്ന് കുറിച്ചു നല്‍കിയെന്ന് അമ്മ പുത്തന്‍വേലിക്കര പൊലീസിന് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നുണ്ട്. പക്ഷെ പീഡന വിവരം ഡോക്ടര്‍ പൊലീസിനെ അറിയിച്ചില്ല. പോക്‌സോ നിയമത്തിലെ 19ാം വകുപ്പ് ചേര്‍ത്താണ് ഡോക്ടര്‍ക്കെതിരെ കേസ്.

കഴിഞ്ഞ മാര്‍ച്ച് 29നാണ് ഫാ.എഡ്വിന്‍ ഫിഗ്രേസിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയത്. 41കാരനായ വികാരി കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ പതിനാലുകാരിയെ പള്ളിമേടയോടു ചേര്‍ന്നുള്ള വികാരിയുടെ മുറിയില്‍ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്.

ലാപ്‌ടോപ്പിലെ നഗ്‌ന ദൃശ്യങ്ങള്‍കാണിച്ചെന്നും പ്രകൃതി വിരുദ്ധ ലൈംഗികബന്ധത്തിന് നര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ ഇയാള്‍ ഡിസംബര്‍ എട്ടിന് പൊലീസില്‍ കീഴടങ്ങി. വിദേശത്തും ഇന്ത്യയിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷമായിരുന്നു കീഴടങ്ങല്‍.

Top