കൊച്ചി: ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും ആറ് വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരിസ് ഇടവക വികാരി ഫാ. അഗസ്റ്റിന്‍ പാലായില്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രാവിലെ ഏഴ് മണിയോടെയാണ് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരീസ് പള്ളിയില്‍ കുര്‍ബാന തുടങ്ങിയത്.
വൈദിക സഹായിക്ക് പുറമെ ഇടവകാംഗങ്ങളായ അഞ്ച് പേര്‍ കൂടി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. ഇതറിഞ്ഞ പൊലീസെത്തി വൈദികന്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ സമയത്ത് വൈദികനും സഹായിയും ചേര്‍ന്ന് കുര്‍ബാന ചൊല്ലാന്‍ അനുമതിയുണ്ട്. എന്നാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിനാണ് ഫാ. അഗസ്റ്റിന്‍ പാലായിലിനെയും ആറ് പേരെയും അറസ്റ്റ് ചെയ്തത്. തന്റെ അറിവോടെയല്ല വിശ്വാസികള്‍ പള്ളിയില്‍ എത്തിയതെന്നാണ് ഫാ. അഗസ്റ്റിന്‍ പാലായിലിന്റെ വിശദീകരണം.