priest Tom Uzhunnalil missing case; three terrorists arrested

ഏഡന്‍ : തെക്കന്‍ യെമനില്‍ നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരരര്‍ പിടിയില്‍. എന്നാല്‍, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏഡനിലെ ഷേഖ് ഓത്മാനിലെ മോസ്‌ക് കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനം. ഇവരെ പിടികൂടിയത് സൈല എന്ന സ്ഥലത്തുനിന്നാണ്. ഭീകരര്‍ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.

സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോമിനെ മാര്‍ച്ച് നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്.

ഏഡനിലെ വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയെന്ന് പിടിയിലായവര്‍ കുറ്റസമ്മതം നടത്തി. ആക്രമണത്തില്‍ ഇന്ത്യക്കാരിയടക്കം നാലു കന്യാസ്ത്രീകളും കൊല്ലപ്പെട്ടിരുന്നു.

പിടിയിലായവര്‍ അല്‍ഖായ്ദ പ്രവര്‍ത്തകരാണ്. ഫാ. ടോം ഉഴുന്നാലിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടന്നിരുന്നുവെന്നു ആരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.

സമീപത്തെ മോസ്‌ക്കിലെ ഇമാമിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും പിടിയിലായവര്‍ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യെമനില്‍ ആഭ്യന്തരയുദ്ധം നടന്നുവരികയാണ്. വടക്കന്‍ യെമന്‍ ഷിയാ വിമതരുടെയും തെക്കന്‍ യെമന്‍ െഎഎസ്, അല്‍ ഖായിദ ഭീകരരുടെയും പിടിയിലാണ്.

തെക്കന്‍ യെമനില്‍ സൗദി അനുകൂല ഭരണകൂടമാണ് അധികാരത്തില്‍. യെമനില്‍ ഇന്ത്യയ്ക്ക് എംബസിയില്ല. ജിബൂത്തി എംബസിയാണു സമീപത്തുള്ളത്.

Top