മലയാറ്റൂര്‍ കുരുശുപള്ളിയില്‍ വൈദികന്‍ കപ്യാരുടെ കുത്തേറ്റ് മരിച്ചു

കൊച്ചി: മലയാറ്റൂര്‍ കുരുശുപള്ളിയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിര‍ച്ചിൽ തുടരുകയാണ്.

വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിൽ കുത്തേറ്റ വൈദികൻ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ പള്ളിയില്‍ വെച്ച് ഫാദര്‍ സേവ്യറും കപ്യാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ജോണിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലിയിരുത്തലിലാണ് പൊലീസ്.

ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. സ്ഥിര മദ്യപാനിയായ ഇയാള്‍ കപ്യാര്‍ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാ അധികൃതര്‍ പറയുന്നു.

കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ.

Top