അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ രക്ഷപ്പെടുത്തുകയാണ് പ്രഥമ ലക്ഷ്യം: കമല ഹാരിസ്

സിംഗപ്പൂര്‍: അഫ്ഗാനില്‍ കുടുങ്ങിപ്പോയ അമേരിക്കന്‍ പൗരന്മാരെയും സഖ്യകക്ഷി പൗരന്മാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമലക്ഷ്യമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമല ഇതു പറഞ്ഞത്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഫ്ഗാന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ നിലപാട് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല. ‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏകലക്ഷ്യമാണ് ഉള്ളത്, അമേരിക്കന്‍ പൗരന്മാരെ മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കിയ അഫ്ഗാൻ പൗരന്മാരെയും അവിടെ നിന്ന് ഒഴിച്ചു കൊണ്ടുവരേണ്ട ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാന്‍ മടിക്കില്ല.’ കമലഹാരിസ് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കമല ഹാരിസ് ചിരിച്ചുവെന്നത് ശക്തമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ അല്പം പുഞ്ചിരിയോടെയാണ് കമല മറുപടി പറഞ്ഞത്.

അഫ്ഗാന്‍ വിഷയമായതുകൊണ്ടാണ് അനവസരത്തിലുള്ള പുഞ്ചിരി പ്രതിഷേധത്തിനിടയാക്കിയത്. സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കമല വിയറ്റ്‌നാമിലേക്ക് പോകും. ബൈഡന്റെ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നു കമല ഒഴിഞ്ഞുമാറി.

 

Top