ജറുസലേം: ബന്ദികളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ ലോങ് മാര്‍ച്ച്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെല്‍ അവീവ് മ്യൂസിയം ഓഫ് ആര്‍ട്ടില്‍ നിന്ന് ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 65 കിലോമീറ്ററാണ് മാര്‍ച്ച് നടത്തിയത്.
യുദ്ധത്തില്‍ 1,200-ലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240-ഓളം പേരെ ഗസ്സയില്‍ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ കാബിനറ്റും തങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതിനിടെ ഇസ്രായേലിലെ യുദ്ധകാബിനറ്റിനെച്ചൊല്ലി ഭരണപക്ഷത്ത് തര്‍ക്കം തുടരുകയാണ്. ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കുന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഭരണപക്ഷത്തെ തീവ്രജൂത പാര്‍ട്ടികളുടെ മന്ത്രിമാര്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. യുദ്ധകാബിനറ്റില്‍ എല്ലാ പാര്‍ട്ടികള്‍ക്കും അംഗത്വം നല്‍കണമെന്ന് ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു.