prime-minister-in-calicut-youth congress

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനമിറങ്ങുന്ന കരിപ്പൂര്‍ വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വേമുലയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്.

ഇവരെ പൊലീസ് തടഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂണ്‍ പറത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പൊലീസ് ഇടപെട്ട് ഇതും തടഞ്ഞിരുന്നു.

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനാണു പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട്ട് ആഗോള ആയുര്‍വേദ ഫെസ്റ്റിവലും പ്രധാനമന്ത്രി പ്രസംഗിക്കും. പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ കോഴിക്കോടു സന്ദര്‍ശനമാണിത്. ആയുര്‍വേദ ഫെസ്റ്റിവലില്‍ ചെലവഴിക്കുന്ന 50 മിനിറ്റുള്‍പ്പെടെ ഒന്നര മണിക്കൂര്‍ മാത്രമാണു പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടാവുക.

രാവിലെ 11.50നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങും. ഇവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു ഹെലികോപ്റ്ററില്‍ 12.05നു വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും. അവിടെ നിന്നു കാര്‍ മാര്‍ഗം, സമ്മേളനസ്ഥലമായ സ്വപ്നനഗരിയില്‍ എത്തും. ഉദ്ഘാടന ചടങ്ങിനുശേഷം 12.55നു മടങ്ങുന്ന പ്രധാനമന്ത്രി 1.10നു കരിപ്പൂരിലേക്കു തിരിക്കും.

കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നാലു കിലോമീറ്റര്‍ പാതയിലൂടെയുള്ള ഗതാഗതം രാവിലെ ഒന്‍പതു മുതല്‍ പൂര്‍ണമായും നിരോധിക്കും. ഐ.എസിന്റെ ഉള്‍പ്പെടെ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Top