ന്യൂഡല്‍ഹി:പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. കര്‍ഷക സമരങ്ങളെ അവഗണിക്കുന്ന ബിജെപിയുടെ നിലപാടിനെതിരെയായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.
ബ്രിട്ടീഷുകാരുടെ മടിയില്‍ ഇരുന്നവര്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുകയാണെന്നും അവര്‍ക്ക് ഒരിക്കലും കര്‍ഷകരുടെ വേദന കാണാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കര്‍ഷക സമരത്തിനിടെ 45 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി സംസാരിക്കണമെങ്കില്‍ ഇനി എത്ര കര്‍ഷകര്‍ കൂടി ജീവന്‍ നഷ്ടപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചോദിച്ചു.
ഡിസംബര്‍ 29 ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.