കയ്റോ : രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി നൈൽ’ നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് ഈജിപ്ഷ്യൻ സർക്കാർ. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയിൽനിന്നുമാണ് മോദി ബഹുമതി ഏറ്റുവാങ്ങിയത്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 13ാമത്തെ ബഹുമതിയാണിത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തിയ മോദി ചരിത്ര പ്രസിദ്ധമായ അൽ–ഹക്കിം പള്ളിയിലും കയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ ശ്മശാനത്തിലും സന്ദർശനം നടത്തി. യുദ്ധ ശ്മശാനത്തിൽ എത്തിയ മോദി, ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലുമായി ജീവൻ പൊലിഞ്ഞ നാലായിരത്തോളം സൈനികരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
#WATCH | Egyptian President Abdel Fattah al-Sisi confers PM Narendra Modi with ‘Order of the Nile’ award, in Cairo
‘Order of the Nile’, is Egypt’s highest state honour. pic.twitter.com/e59XtoZuUq
— ANI (@ANI) June 25, 2023
ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ധാരണയായി. ജി–20 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി അൽ സിസി സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ആദ്യമായാണ് മോദി ഈജിപ്ത് സന്ദർശിക്കുന്നത്. 26 വർഷം മുൻപാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലെത്തിയത്.