ഡല്‍ഹി: വാരാണസിയിലെ ജനങ്ങളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വബോധമില്ലാത്തവര്‍ തന്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. കോണ്‍ഗ്രസിന്റെ ‘യുവരാജ്’ വാരണാസിയിലെ ജനങ്ങളെ അവരുടെ മണ്ണിലെത്തി അപമാനിച്ചു. ‘ഇന്ത്യ’ സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താന്‍ ഒരിക്കലും മറക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ട് പതിറ്റാണ്ടോളം അവര്‍ മോദിയെ അധിക്ഷേപിച്ചു. യുപിയിലെ യുവാക്കളുടെ മേല്‍ തങ്ങളുടെ നിരാശ തീര്‍ക്കുകയാണ് അവര്‍ ഇപ്പോള്‍. രാജ്യ പുരോഗതിക്കും യുപിയുടെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവരാണ് യുവാക്കള്‍. അങ്ങനെയുള്ളവരെയാണ് അവരുടെ മണ്ണിലെത്തി കോണ്‍ഗ്രസിന്റെ യുവരാജാവ് അപമാനിച്ചത്. സ്വബോധമില്ലാത്തവരാണ് തന്റെ കുട്ടികളെ കുടിയന്മാര്‍ എന്ന് വിളിച്ചതെന്നും മോദി പറഞ്ഞു.
ഇന്ത്യ സഖ്യം യുവജനങ്ങളെ ഭയക്കുന്നു. കാശിയുടെയും അയോധ്യയുടെയും പുതിയ രൂപം അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇതാണ് ഇന്ത്യന്‍ ബ്ലോക്ക് നേതാക്കളുടെ അസ്വസ്ഥതക്കുള്ള മറ്റൊരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാരണാസിയില്‍ മദ്യം കഴിച്ച് ആളുകള്‍ റോഡില്‍ കിടക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.