ടി.എം.സി. എന്നു പറഞ്ഞാല്‍ തൂ, മേം ഓര്‍ കറപ്ഷന്‍; പരിഹാസവുമായി മോദി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുഴുവന്‍ സീറ്റുകളിലും വിജയിക്കണമെന്ന് ബി.ജെ.പി. പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബി.ജെ.പിയുടെ വിജയ് സങ്കല്‍പ് യാത്രയെ അഭിസബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 42 ലോക്സഭാ സീറ്റുകളാണ് പശ്ചിമ ബംഗാളിലുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ ടി.എം.സിയ്ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ പുതിയൊരു വിപുലീകരണവും മോദി നല്‍കി. ടി.എം.സി. എന്നു പറഞ്ഞാല്‍ തൂ, മേം ഓര്‍ കറപ്ഷന്‍ (നീ, ഞാന്‍ പിന്നെ അഴിമതിയും) എന്നാണന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും ആളുകള്‍ ഇവിടെ കൂടിയിരിക്കുന്ന കാഴ്ച, എന്‍.ഡി.എ. സര്‍ക്കാര്‍ നാനൂറ് കടക്കും എന്ന് പറയാനുള്ള ആത്മവിശ്വാസം തനിക്ക് നല്‍കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ക്രൂരതയുടെയും കുടുംബരാഷ്ട്രീയത്തിന്റെയും വഞ്ചനയുടെയും പര്യായമാണ് ടി.എം.സിയെന്നും സംസ്ഥാനസര്‍ക്കാരിന്റെ ഭരണത്തില്‍ പശ്ചിമബംഗാളിലെ ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം ആരോപിച്ചു. സന്ദേശ്ഖാലി വിഷയത്തിലും തൃണമൂല്‍ കോണ്‍ഗ്രസിനെ അദ്ദേഹം കടന്നാക്രമിച്ചു. പ്രദേശത്തെ, ദുരവസ്ഥയിലായ അമ്മമാരെയും സഹോദരിമാരെയും പിന്തുണയ്ക്കുന്നതിന് പകരം സംസ്ഥാനസര്‍ക്കാര്‍ കുറ്റവാളികള്‍ക്കൊപ്പം നിലകൊള്ളുകയാണെന്ന് മോദി പറഞ്ഞു.

അമ്മമാരും സഹോദരിമാരും നീതിക്കുവേണ്ടി കേഴുകയാണ്. എന്നാല്‍ ടി.എം.സി. സര്‍ക്കാര്‍ അവരെ കേള്‍ക്കുന്നില്ല. മാ മാടി മാനുഷ് എന്ന് പറഞ്ഞാണ് തൃണമൂല്‍ വോട്ട് പിടിച്ചത്. എന്നാല്‍ ഇന്ന് പശ്ചിമബംഗാളില്‍ അമ്മമാരും സഹോദരിമാരും കേഴുകയാണ്. എപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടണമെന്ന് ക്രിമിനലുകള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തെന്നും മോദി വിമര്‍ശിച്ചു.

Top