ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറാം സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്മാറി. ഈ മാസം 30-ന് മോദി മിസോറാമിലെ മാമിത് ജില്ലയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യാത്ര റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവ് ഇന്ന് അറിയിച്ചു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്തും. തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബി ജെ പി മീഡിയ കണ്‍വീനര്‍ പറഞ്ഞു. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സംസ്ഥാനം സന്ദര്‍ശിച്ചേക്കും. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 40 അംഗ നിയമസഭാ സീറ്റില്‍ 23 ഇടങ്ങളിലാണ് ബി ജെ പി മത്സരിക്കുന്നത്. നിലവില്‍ ഒരു എം എല്‍ എ മാത്രമാണ് ബിജെപിക്ക് മിസോറാമിലുള്ളത്.
മോദിയുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രിയും എം എന്‍ എഫ് നേതാവുമായ സൊറംതങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. മണിപ്പുരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായുള്ള പ്രഖ്യാപനം വന്നത്. എന്നാല്‍, കാരണം വ്യക്തമാക്കിയിട്ടില്ല.