കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും കോഴിക്കോട് എത്തി.
രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രിയുടെ പൊതുപ്രസംഗം ഇന്ന് കോഴിക്കോട്ട് നടക്കും. ഉറി കരസേനാ താവളത്തിലെ ഭീകരാക്രണമത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപ്രസംഗമാണിത്.
പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹം പൊതുസമ്മേളന വേദിയായ കോഴിക്കോട്ടേയ്ക്ക് ഹെലികോപ്റ്ററിലാണ് എത്തിയത്. ഇന്ത്യപാക്ക് ബന്ധം, കശ്മീരിലെ സമാധാന ശ്രമങ്ങള്‍ എന്നിവ പ്രസംഗത്തിന്റെ കാതലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ നരേന്ദ്ര മോദി പരാമര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്.
കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പാക്കാനുള്ള പാക്ക് തന്ത്രത്തിന് യുഎന്‍ സെക്രട്ടറി ജനറലിന്റെ തീരുമാനത്തോടെ തിരിച്ചടിയേറ്റിരുന്നു.
പ്രശ്‌നം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കണമെന്ന നിര്‍ദേശം കൂടി അദ്ദേഹം മുന്നോട്ടുവച്ച പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും. കേരളത്തിന്റെ വികസനം, തൊഴില്‍ ലഭ്യത തുടങ്ങി രാഷ്ട്രീയം പൊതിഞ്ഞ വികസന കാഴ്ചപ്പാടുകളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകും.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയില്‍ കണ്ണെറിയുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ കൂടുതല്‍ വ്യക്തത കൈവരും.
ഇതിനു മുന്‍പ് 1967 ലാണ് ബി ജെ പിയുടെ ദേശീയ നേതൃയോഗം കേരളത്തില്‍ നടന്നത്. ഇസഡ് പ്ലസ് സുരക്ഷയുള്ള പതിനഞ്ചോളം നേതാക്കള്‍ കോഴിക്കോട് എത്തുന്നതിനാല്‍ ശക്തമായ സുരക്ഷയാണ് എര്‍പ്പെടുത്തിയിരിക്കുന്നത്.
2000 പൊലീസുകാര്‍ക്കാണ് സുരക്ഷയുടെ ചുമതല.വൈകിട്ട് അഞ്ചരയോടെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുക.മൂന്നു മണിയോടെ ദേശീയ നേതാക്കള്‍ വേദിയിലേക്ക് എത്തിത്തുടങ്ങി.
അതോടെ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. മോദിക്കും അമിത് ഷായ്ക്കും വേണ്ടി മുദ്രാവാക്യം വിളികളുയര്‍ന്നു. 3.30 ന് സുരേഷ് ഗോപി എംപി വേദിയിലെത്തി. ബിജെപിക്കായി കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ഒ.രാജഗോപാല്‍ എംഎല്‍എയെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാറാലിയാണ് പൊതുസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്.
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ബഹുജനറാലിക്കാണ് കോഴിക്കോട് വേദിയാകുന്നത്. മലബാറില്‍ നിന്നുളള പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ അണിനിരക്കുന്നത്.
പാര്‍ട്ടി ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന കണ്ണൂര്‍ ഉള്‍പ്പെടെ കാസര്‍കോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുളള പ്രവര്‍ത്തകരാണ് സമ്മേളനത്തിനായി എത്തുക.
അതാതു ജില്ലകളിലെ പ്രസിഡന്റുമാര്‍ക്കാണ് റാലിയുടെ ചുമതല. കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് പി.രഘുനാഥിനാണ് ഏകോപന ചുമതല.
താമരയില്‍ മോദിയുടെ മുഖത്തോടുകൂടിയ തൊപ്പികളും, ബലൂണുകളും അണിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കുന്നത്.
യോഗം നടക്കുന്ന സരോവരം, കടവ് റിസോര്‍ട്ട്, മോദി ഹെലികോപ്റ്ററില്‍ എത്തുന്ന വെസ്റ്റ് ഹില്‍ വിക്രം മൈതാനം, താമസിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരം, സ്മൃതി സന്ധ്യ നടക്കുന്ന സാമൂതിരി ഹൈസ്‌കൂള്‍ മൈതാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.