മന്‍ കി ബാത്തില്‍ മില്‍ഖാ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: അന്തരിച്ച അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ പരിപാടിയായി മന്‍ കി ബാത്തിലാണ് അദ്ദേഹം മില്‍ഖാ സിംഗിനെ പരാമര്‍ശിച്ചത്. കായികതാരങ്ങള്‍ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. #CHEER4INDIA എന്ന ഹാഷ് ടാഗില്‍ പിന്തുണ നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് മത്സരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഹാഷ് ടാഗാണ് ഇത്.

കൊവിഡ് മോചിതനായി ചികിത്സയില്‍ കഴിയവെ ജൂണ്‍ 19നാണ് മില്‍ഖാ സിംഗ് മരിച്ചത്. ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

‘പറക്കും സിഖ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. രാജ്യം 1958ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.

 

 

Top