ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാമത് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതികവിദ്യ ഗ്ലോബല്‍ നോര്‍ത്തും ഗ്ലോബല്‍ സൗത്തും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കരുതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത്, സാങ്കേതിക വിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് കൂടുതല്‍ പ്രചരിപ്പിക്കാനായി അടുത്ത മാസം ഇന്ത്യ ആര്‍ട്ടിഫിഷ്യല്‍ ഗ്ലോബല്‍ പാട്ണര്‍ഷിപ്പ് സമ്മിറ്റ് നടത്തും മോദി പറഞ്ഞു.പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനോട് സംസാരിച്ച മോദി, പലസ്തീന്‍ ജനതയ്ക്കുവേണ്ടി ഇന്ത്യ മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും പറഞ്ഞു. വലിയ ആഗോള നന്മയ്ക്കായി ഗ്ലോബല്‍ സൗത്തിലെ മുഴുവന്‍ രാജ്യങ്ങളും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പശ്ചിമേഷ്യയില്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഞങ്ങളും സംയമനം പാലിച്ചു. നയതന്ത്രത്തിനും സംഭാഷണത്തിനുമാണ് ഞങ്ങള്‍ പ്രധാന്യം കൊടുത്തുന്നത്. ഇസ്രയേലും ഹമാസും തമ്മിലുണ്ടായ പോരാട്ടത്തിനിടെ ഉണ്ടാകുന്ന സാധാരണക്കാരുടെ മരണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു’, മോദി പറഞ്ഞു.