ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ എല്‍-സിസിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഘര്‍ഷവും സുരക്ഷാ പ്രശ്‌നങ്ങളും മാനുഷിക സാഹചര്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍-ഹമാസ് യുദ്ധം മൂലം പ്രദേശത്ത് തീവ്രവാദം, അക്രമം, സാധാരണക്കാരുടെ മരണങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നതില്‍ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഫോണിലൂടെയായിരുന്നു ഇരുനേതാക്കളുടേയും ചര്‍ച്ച.

ഗാസ മുനമ്പിലെ ഇസ്രായേല്‍ സൈനിക നടപടികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങള്‍ പങ്കുവെച്ചതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍സി വക്താവ് പറഞ്ഞു. അതേസമയം ഗാസയില്‍ ത്രിതല യുദ്ധത്തിന് ഇസ്രയേല്‍ തുടക്കം കുറിച്ചിട്ടുണ്ട്. മരണസംഖ്യ 8,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച രാത്രി ഗാസയില്‍ പലയിടങ്ങളിലായി സ്ഫോടനം ഉണ്ടായി. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചിരിക്കുന്ന ഗാസയില്‍ കടന്ന സേന പിന്‍വാങ്ങിയിട്ടില്ലെന്ന് ഇസ്രേയേല്‍ വ്യക്തമാക്കി. വടക്കന്‍ ഗാസയിലെ ഹമാസിന്റെ 150 ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

അടിയന്തരമായി സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സംഘര്‍ഷം ബാധിച്ചവര്‍ക്ക് മാനുഷികമായ സഹായങ്ങളും മറ്റും എത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും അംഗീകരിച്ചു. ‘ശനിയാഴ്ച പ്രസിഡന്റ് എല്‍-സിസിയുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷയെയും മാനുഷിക സാഹചര്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറി. തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഞങ്ങള്‍ പങ്കിടുന്നു. സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങള്‍ അംഗീകരിക്കുന്നു,’ എന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

 

Top