പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ;തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ദിവസം തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതല്‍ ഉച്ച വരെയും നാളെ രാവിലെ 11 മണി മുതല്‍ ഉച്ച വരെയുമാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

28 -ാം തിയതി രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം. എയര്‍പോര്‍ട്ട് – ശംഖുമുഖം – ചാക്ക – ഈഞ്ചക്കല്‍ റോഡിലാണ് അന്നേ ദിവസം ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിപ്പുണ്ട്.

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാരടക്കം മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം – ചാക്ക ഫ്‌ളൈ ഓവര്‍ – ഈഞ്ചക്കല്‍ കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാരാണെങ്കില്‍ വെണ്‍പാലവട്ടം – ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് തിരഞ്ഞെടുക്കാവുന്നതാണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. മേല്‍ പറഞ്ഞിട്ടുള്ള സ്ഥലങ്ങളില്‍ 27, 28 തീയതികളില്‍ രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ ഡ്രോണ്‍ പറത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Top