പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15നും 19നും കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് വെള്ളിയാഴ്ച പത്തനംതിട്ടയിലാണ് ആദ്യ പരിപാടി.
പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. 12ഓടെ പ്രധാനമന്ത്രി സമ്മേളനവേദിയില്‍ എത്തും. ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തും. അവിടെ നിന്ന് ഹെലികോപ്ടറില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിറങ്ങും. തുടര്‍ന്ന് റോഡുമാര്‍ഗം സ്റ്റേഡിയത്തിലെത്തും.
പ്രധാനമന്ത്രിയും ബിജെപിയുടെ പത്തനംതിട്ട, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുമടക്കം 60 പേര്‍ക്കാകും വേദിയില്‍ ഇരിപ്പിടം. മുന്‍നിരയില്‍ രണ്ടു ബ്ലോക്കുകളിലായി സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കു വിഐപി ഇരിപ്പിടങ്ങളൊരുക്കും.
ഓരോ ബൂത്തില്‍ നിന്നും 200 പ്രവര്‍ത്തകരെ വീതം പങ്കെടുപ്പിക്കാനാണ് എന്‍ഡിഎ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. 50,000 പ്രവര്‍ത്തകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇരിപ്പിടമുണ്ടാകുമെന്നും ഒരു ലക്ഷം പ്രവര്‍ത്തകരെ പരിപാടിയില്‍ അണിനിരത്തുമെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.
പകല്‍സമയത്തെ ഉയര്‍ന്ന താപനില കണക്കിലെടുത്തു പന്തലില്‍ ഫാനുകള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പത്തനംതിട്ടയിലെ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു തിരിക്കും. ജില്ലാ പൊലീസ് മേധാവി വി.അജിത്, പത്തനംതിട്ട ഡിവൈഎസ്പി ബി.വിനോദ്, സുരക്ഷാ ചുമതലയുള്ള എസ്പിജി, മറ്റ് ഉദ്യോഗസ്ഥര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.