ഇന്ത്യയുടെ ആരോഗ്യരംഗം ഏത് വെല്ലുവിളി നേരിടാനും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഐഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. നാമെല്ലാവരും ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി പരിശ്രമിക്കണം.

വികസന അജണ്ടകള്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ അടിസ്ഥാനം പാവപ്പെട്ടവരെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്നതാവണം. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണ്. അവസരങ്ങളുടെ ഭൂമിയായി ഇന്ത്യ മാറുകയാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ നഗരങ്ങളിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെക്കാള്‍ കൂടുതല്‍ പേര്‍ ഗ്രാമങ്ങളിലായി. ആരോഗ്യ രംഗത്തും കാര്‍ഷിക-ഊര്‍ജ്ജ മേഖലകളിലും ഇന്ത്യയില്‍ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്.

ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വര്‍ഷവും 22 ശതമാനം വളര്‍ച്ച നേടുന്നുണ്ട്. മരുന്നുല്‍പ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊര്‍ജ്ജ രംഗത്ത് അമേരിക്കന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തും.

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്‍പെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നത്. ഓരോ വര്‍ഷവും വിദേശ നിക്ഷേപത്തില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് നേടുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 74 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇന്ത്യയിലെ വിദേശനിക്ഷേപം. ഈ മഹാമാരിക്കിടയിലും 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായി. ആഗോള സാമ്പത്തിക രംഗത്തിന് ശക്തിപകരേണ്ടതുണ്ട്. ഇന്ത്യയുടെ മുന്നേറ്റമെന്നാല്‍ വിശ്വസിക്കാവുന്ന ഒരു രാജ്യത്തില്‍ നിക്ഷേപം നടത്താന്‍ അവസരം എന്ന് കൂടിയാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.

Top