കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി മുതല്‍ കുടുംബാധിപത്യം വരെയുള്ള ആരോപണങ്ങളാണ് പ്രധാനമന്ത്രി തൃണമൂലിനും മമതയ്ക്കുമെതിരെ ഉന്നയിക്കുന്നത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യത്തിന്റെ അഭിവൃദ്ധിക്കല്ല, തങ്ങളുടെ കുടുംബങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ഫണ്ടുകള്‍ തട്ടിയെടുക്കാന്‍ വ്യാജതൊഴില്‍ കാര്‍ഡുകള്‍ സൃഷ്ടിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ക്ഷേമ പദ്ധതികള്‍ക്കായുള്ള ഫണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ധൂര്‍ത്തടിച്ചതായി അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ നിന്ന് മമതാ ബാനര്‍ജി സര്‍ക്കാരിനെ പുറത്താക്കുന്നതിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ കളമൊരുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ സര്‍ക്കാര്‍ ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. റേഷന്‍ വിതരണത്തില്‍ അഴിമതി കാണിച്ച സര്‍ക്കാരാണ്. റേഷന്‍ അഴിമതിയില്‍ അവരുടെ മന്ത്രിമാരും നേതാക്കളും ജയിലിലാണ്. ബംഗാളിലെ ജനങ്ങളെ പാര്‍ട്ടി കൊള്ളയടിക്കുകയാണെന്നും സിലിഗുരിയില്‍ നടന്ന റാലിയില്‍ നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
നോര്‍ത്ത് ബംഗാളില്‍ 2019 ല്‍ എട്ടില്‍ ഏഴ് ലോക്‌സഭാ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. നോര്‍ത്ത് ബംഗാളിന്റെ വികസനമാണ് ലക്ഷ്യമെന്നാണ് മോദിയുടെ പ്രഖ്യാപനം. ഇത്രയും കാലം ഇടത്, തൃണമൂല്‍ സര്‍ക്കാരുകള്‍ നോര്‍ത്ത് ബംഗാളിനെ ശ്രദ്ധിച്ചതേയില്ല. പാവങ്ങളുടെ ഭൂമി പിടിച്ചടക്കുന്നതിലായിരുന്നു ഇരു പാര്‍ട്ടികളുടെയും ശ്രദ്ധയെന്നും മോദി ആരോപിച്ചു.
ഗോര്‍ക്ക സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടത് മോദി സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കി, ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞു. ഇനി ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.