15മത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു

ഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 15മത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയില്‍ വ്യക്തമാക്കി. വികസനത്തിന്റെ അനിവാര്യതകളും ബഹുരാഷ്ട്ര വ്യവസ്ഥയുടെ പരിഷ്‌കരണവും ഉള്‍പ്പെടെ ആശങ്കാജനകമായ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ബ്രിക്സ് മാറിയെന്ന് കരുതുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബര്‍ഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ‘ബ്രിക്‌സും ആഫ്രിക്കയും: പരസ്പര ത്വരിത വളര്‍ച്ചക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബഹുരാഷ്ട്രവാദത്തിനുമുള്ള പങ്കാളിത്തം’ എന്നതാണ് 15മത് ബ്രിക്സ് ഉച്ചകോടിയുടെ സന്ദേശം. 2019ന് ശേഷം നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ആഫ്രിക്കയുമായുള്ള ബ്രിക്സിന്റെ സഹകരണവും സംഘടനയുടെ വിപുലീകരണവും സംബന്ധിച്ച ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റിച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്നീ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഉച്ചകോടിയോട് അനുബന്ധിച്ച് ആഗസ്റ്റ് 19ന് ആരംഭിച്ച ബ്രിക്‌സ് വ്യാപാരമേള 23ന് സമാപിക്കും. അംഗ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും വ്യവസായ പ്രമുഖരും സംബന്ധിക്കുന്നുണ്ട്. വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ബിസിനസ് ടു ബിസിനസ്’ ആശയവിനിമയത്തിന് മേള വേദിയാകും.

Top