ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമാസക്തമായ പ്രതിഷേധം നിര്‍ഭാഗ്യകരവും വേദനാജനകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സംവാദവും വിയോജിപ്പുമെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്, എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും സൈ്വര്യജീവിതം തകര്‍ക്കുന്നതും ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. അത് അംഗീകരിക്കാനാവില്ല. പൗരത്വ നിയമം ഇന്ത്യയിലെ ഒരു മതവിഭാഗങ്ങളില്‍പ്പെട്ട പൗരന്മാരെയും ബാധിക്കില്ലെന്ന് ഉറപ്പു നല്‍കുന്നതായും മോദി ട്വീറ്റ് ചെയ്തു.
സ്ഥാപിത താല്പര്യക്കാര്‍ സമൂഹത്തെ വിഭജിക്കാനും അസ്വസ്ഥതയുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. അത്അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
‘നിയമഭേദഗതി ഒരു മതത്തെയും ബാധിക്കില്ല. വലിയ പിന്തുണയോടെയാണ് ഭേദഗതി പാസ്സായത്. ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സാഹോദര്യത്തിന്റേയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഭേദഗതിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയരുന്നത്. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മോദിയുടെ പ്രതികരണം.