‘മന്‍ കി ബാത്തില്‍’ 2008 ലെ മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.
‘ഇന്നത്തെ ദിനം (നവംബര്‍ 26) നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഈ ദിവസമാണ് രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത്. ഭീകരര്‍ മുംബൈയെയും രാജ്യത്തെയും വിറപ്പിച്ചു. പക്ഷേ, ആ ആക്രമണത്തില്‍ നിന്ന് കരകയറിയ ഇന്ത്യയുടെ കരുത്താണ് ഇപ്പോള്‍ പൂര്‍ണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നത്. മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ ആക്രമണത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നു’- മോദി പറഞ്ഞു.
‘ഈ ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യന്‍ ഭരണഘടന പാസാക്കിയതും അംഗീകരിച്ചതും ഇതേ ദിനത്തിലാണ്. 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. ഭരണഘടന രൂപീകരിക്കാന്‍ രണ്ട് വര്‍ഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു. 60 ലധികം രാജ്യങ്ങളുടെ ഭരണഘടനകള്‍ പഠിച്ച് ഭരണഘടനയുടെ കരട് തയ്യാറാക്കുകയും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടായിരത്തിലധികം ഭേദഗതികള്‍ വരുത്തുകയും ചെയ്തു’ – മോദി പറഞ്ഞു.
1950-ല്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷവും ഇതുവരെ 106 ഭരണഘടനാ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനാണ് ഭരണഘടനയുടെ ആദ്യ ഭേദഗതിയെന്നത് നിര്‍ഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച തെറ്റുകള്‍ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ തിരുത്തപ്പെട്ടു. 2015 ല്‍ ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കണമെന്ന ആശയം ഉയര്‍ന്നുവന്നു. അതിനുശേഷം ഈ ദിവസം ഭരണഘടനാ ദിനമായി ആഘോഷിക്കുന്നു എന്നും മോദി വ്യക്തമാക്കി.