റായ്പുര്‍: അഴിമതിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന പ്രത്യയശാസ്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഛത്തീസ്ഗഡ് പാര്‍ട്ടിയുടെ എടിഎം ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.എന്നാല്‍ കള്ളം പ്രചരിപ്പിക്കുകയാണ് പ്രധാനമന്ത്രിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തിരിച്ചടിച്ചു. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് 7600 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ ആരോപണം. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കോണ്‍ഗ്രസ് അഴിമതിയും താന്‍ അതിനെതിരായ നടപടിയുമാണ് ‘ഗാരന്റി’ നല്‍കുന്നത്. ശരിയായ പാതയിലാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നതെന്നതിന്റെ തെളിവാണ് ചിലരുടെ രോഷം. മുന്‍പ് പരസ്പരം പഴിചാരിയിരുന്നവര്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. ഇത് കണ്ടു മോദി ഭയപ്പെടുമെന്നാണ് അവര്‍ കരുതുന്നത്- റായ്പുരില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 2019 ല്‍ രണ്ടാംവട്ടം പ്രധാനമന്ത്രി ആയശേഷം ആദ്യമായാണ് മോദി സംസ്ഥാനത്തെത്തുന്നത്.
അതേസമയം, മോദി സംസ്ഥാനത്തെത്തിയതോടെ കള്ളങ്ങളുടെ തിരമാല ഉയര്‍ന്നതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന്റെ 80% കേന്ദ്രം ഏറ്റെടുക്കുന്നുവെന്ന മോദിയുടെ വാദം കള്ളമാണ്. അങ്ങനെയാണെങ്കില്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലെ കര്‍ഷകര്‍ക്ക് ക്വിന്റലിന് 1000-1200 രൂപയ്ക്ക് നെല്ല് വില്‍ക്കേണ്ടിവരുന്നതെന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.