ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന കാര്യം നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ചില മേഖലകള്‍ക്ക് മാത്രം പരിമിതമായ തോതില്‍ ഇളവു നല്‍കിയായിരിക്കും അടച്ചിടല്‍ നീട്ടുക എന്നാണ് പൊതുവെ തീരുമാനിച്ചത്.
മാത്രമല്ല വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം പ്രത്യേക മാര്‍ഗരേഖയുമിറക്കും. ഇക്കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. അടച്ചിടല്‍ ദേശീയതലത്തില്‍ 14-നു ശേഷം നീട്ടുമ്പോള്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായ മേഖലയ്ക്കും ചില ഇളവുകള്‍ നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ഈ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്.
അടച്ചിടല്‍ തുടരുന്ന വേളയില്‍ അന്തഃസംസ്ഥാന യാത്ര അനുവദിക്കില്ല. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യത. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചുവപ്പ് , ഓറഞ്ച്, പച്ച എന്നീ മേഖലകളായി തിരിക്കാനാണ് തീരുമാനം.
റെഡ് സോണ്‍: കോവിഡ്19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെയാണ് റെഡ് സോണായി തരംതിരിക്കുക. ഹോട്ട് സ്പോട്ടായ പ്രദേശങ്ങളാണിവ.
ഓറഞ്ച് സോണ്‍: കോവിഡ്19 രോഗം രൂക്ഷമായി ബാധിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവില്‍ രോഗവിമുക്തി നേടുന്ന പ്രദേശങ്ങളെ ഓറഞ്ച് സോണെന്ന് തരംതിരിക്കും. പൊതുഗതാഗതം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയ നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ അനുവദിക്കും.
ഗ്രീന്‍ സോണ്‍: കോവിഡ് 19 ഏറ്റവും കുറവ് ബാധിച്ച പ്രദേശങ്ങള്‍ ഗ്രീന്‍ സോണായിരിക്കും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൂടി ഇളവുണ്ടാകും. എന്നാല്‍ സാമൂഹിക അകലം നിര്‍ബന്ധമായിരിക്കും