ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി സുപ്രീംകോടതി നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷന്‍ മുമ്പാകെ ഹാജരായി.

വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസിലാണ് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കമ്മീഷനു മുന്‍പാകെ ഹാജരായത്.

ഷെരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

കേസുമായി ബന്ധപ്പെട്ട് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സംയുക്ത സംഘത്തിന്റെ അന്വേഷണം നടത്താന്‍ പാക്ക് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

പുറത്ത് വിട്ട രേഖകള്‍ പ്രകാരം മൂന്ന് മക്കള്‍ക്കും വിദേശ കമ്പനികളില്‍ അനധികൃത നിക്ഷേപമുണ്ടെന്നാണ് പറയുന്നത്.

11.5 മില്യണിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച ആരോപണമാണ് മൂവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. നവാസ് ഷെരീഫിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാകിസ്ഥാനിലെ ഏറ്റവും ധനികരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഷെരീഫെന്നും രേഖകള്‍ പറയുന്നു.

നാല് വര്‍ഷത്തിനിടെ ഷെരീഫിന്റെ ആസ്തിയില്‍ 100 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു

ഷെരീഫിനെ കൂടാതെ മക്കളായ ഹുസൈന്‍, ഹസ, മറിയം എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. കനത്ത സുരക്ഷയിലായിരുന്നു നവാസ് ഷെരീഫ് കമ്മിഷന് മുമ്പാകെ എത്തിയത്.

Top