സമ്മേളനം സമയത്ത് എംപിമാര്‍ സഭയിലുണ്ടാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ എംപിമാര്‍ ഹാജരാകാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും തിങ്കളാഴ്ച ബില്ലുകള്‍ പാസാക്കുന്ന ഘട്ടത്തില്‍ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകള്‍ പ്രധാനമന്ത്രി തേടിയതായാണ് റിപ്പോര്‍ട്ട്.

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പീല്‍ ട്രിബ്യൂണല്‍ ഉള്‍പ്പടെ ഒമ്പത് അപ്പീല്‍ ട്രിബ്യൂണല്‍ റദ്ദാക്കികൊണ്ടുള്ള ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ പാസാക്കിയിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളിക്കൊണ്ടാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്ന സമയത്ത് പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ ബിജെപിയുടെ ഏതാനും എംപിമാര്‍ സഭയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് അവരോട് അടിയന്തരമായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരംഭിച്ചയുടന്‍ പ്രധാനമന്ത്രി ഇക്കാര്യം ഉയര്‍ത്തി എംപിമാരെ ശാസിച്ചു. സഭയില്‍ പരമാവധി ശ്രദ്ധയും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സജ്ജരായിരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ഇല്ലെങ്കിലും സമ്മേളനം സമയത്ത് മുഴുവനും സഭയിലുണ്ടാകണമെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ സഹമന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു.

 

Top