പ്രതിപക്ഷത്തിന്റേത് രാജ്യത്തെ വികസനം തടയാനുള്ള ശ്രമമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒളിമ്പിക്‌സിലടക്കം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ചിലര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നത്. കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പാര്‍ലമെന്റ് തടസ്സപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും മോദി പറഞ്ഞു.

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെയും നരേന്ദ്ര മോദി അഭിനന്ദിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ വലിയ ബഹളത്തിനാണ് ലോക്‌സഭയും രാജ്യസഭയും ഇന്നും സാക്ഷ്യം വഹിച്ചത്. ഇന്നലെ ആറു തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒരു ദിവസത്തേക്ക് മാറ്റി നിറുത്തിയിരുന്നു. ഇതില്‍ ഒരു എംപി ഉത്തരവ് ലംഘിച്ച് സഭയിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചെന്ന് ഉപാദ്ധ്യക്ഷന്‍ ഹരിവംശ് സഭയെ അറിയിച്ചു.

ഉന്തിലും തള്ളിലും വാതില്‍ ചില്ലുകള്‍ തകര്‍ന്ന് ഇന്നലെ ഒരു സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്കെതിരെ ഉദ്യോഗസ്ഥ പരാതി നല്‍കി.

Top