ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25 ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ‘യുവം’ സമ്മേളനത്തില്‍ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും. പാർട്ടിക്ക് പുറത്തുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് ‘യുവം’ സമ്മേളനം നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണിയെ ബിജെപിയിലെത്തിക്കാനുള്ള നീക്കം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അനിലുമായി ബിജെപി നേതാക്കൾ ബന്ധപ്പെട്ടത്. അതിന് ശേഷം ചർച്ചകൾ അമിത് ഷായാണ് നിരീക്ഷിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അനിൽ ബി ജെ പിയിലേക്ക് എത്തിയത്. ദേശീയ തലത്തിലാകും അനിലിന്റെ റോൾ എന്നാണ് സൂചന. അനിലിന്റെ ദേശീയ തലത്തിലെ സാന്നിധ്യം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി എന്നാണ് വ്യക്തമാകുന്നത്.