റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായി ‘ബന്ധനി’തലപ്പാവ് അണിഞ്ഞ് പ്രധാനമന്ത്രി

ഡല്‍ഹി: ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായി ‘ബന്ധനി’ തലപ്പാവ് അണിഞ്ഞ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ണാഭമായ തലപ്പാവിനൊപ്പം, വെള്ള കുര്‍ത്തയും തവിട്ട് കോട്ടും വെള്ള പാന്റും ധരിച്ചാണ് അദ്ദേഹമെത്തിയത്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിന പരിപാടികളിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തില്‍ രാജസ്ഥാനി ബന്ധനി പ്രിന്റ് തലപ്പാവുകള്‍ സ്ഥിരം കാഴ്ചയാണ്.

കര്‍ത്തവ്യപഥില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഗണ്‍ സല്യൂട്ടോടെ ദേശീയഗാനം ആലപിച്ചു. നാല് എംഐ-17 കഢ ഹെലികോപ്റ്ററുകള്‍ കര്‍ത്തവ്യപഥിലെ സദസ്സിനുനേരെ പുഷ്പവൃഷ്ടി നടത്തി.’നാരി ശക്തി’ വിളിച്ചോതുന്ന ‘ആവഹാന്‍’ ബാന്‍ഡ് പ്രകടനവും നടന്നു. വിവിധ തരം താളവാദ്യങ്ങള്‍ വായിച്ച് നൂറിലധികം വനിതാ കലാകാരികളാണ് ബാന്‍ഡില്‍ അണിനിരന്നത്.

രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാഥിതിയായി. പരേഡില്‍ ഫ്രഞ്ച് സൈനികരുടെ പ്രകടനവും ഉണ്ടായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലോട്ടുകളും പരേഡില്‍ അണിനിരന്നു.

Top