ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം. അഞ്ചു ദിവസം നീളുന്ന പര്യടനത്തിനാണ് തിങ്കളാഴ്ച തുടക്കം കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 25നു നടക്കുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ.
റുവാണ്ട, യുഗാണ്‍ഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. 21വര്‍ഷത്തിനിടെ യുഗാണ്‍ഡ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
റുവാണ്ട സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 200 പശുക്കളെ റുവാണ്ടന്‍ ജനതയ്ക്ക് കൈമാറുന്നുണ്ട്. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ’ഗിരിങ്ക’ പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്.
കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ കൈമാറുന്നത്. പ്രാദേശിക കാലാവസ്ഥയില്‍ വളര്‍ത്തപ്പെട്ട നാടന്‍ പശുക്കളെയാണ് സമ്മാനിക്കുക.
റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് ‘ഗിരിങ്ക’പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും വരുമാനമാര്‍ഗമായി ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയാണിത്. മൂന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.